
കൊച്ചി: നെടുമ്പാശ്ശേരിയിൽ സ്കൂട്ടറിൽ ആഡംബര കാർ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ച സംഭവത്തിൽ കാർ അമിതവേഗത്തിലായിരുന്നുവെന്ന് ശാസ്ത്രീയ പരിശോധനയിലും സ്ഥിരീകരണം. അപകടത്തിന് അഞ്ച് സെക്കൻഡ് മുമ്പ് കാർ മണിക്കൂറിൽ 162 കിലോമീറ്റർ വേഗത്തിലായിരുന്നുവെന്നാണ് വാഹനക്കമ്പനിയുടെ സാങ്കേതിക പരിശോധനാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കൂട്ടിയിടി നടന്ന സമയത്ത് വേഗം 144 കിലോമീറ്ററായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
വാഹനത്തിലെ അഡ്വാൻസ്ഡ് ക്രാഷ് സേഫ്റ്റി മൊഡ്യൂളിൽ സൂക്ഷിച്ചിരുന്ന വിവരങ്ങൾ വിശകലനം ചെയ്താണ് കമ്പനി അന്വേഷണസംഘത്തിന് റിപ്പോർട്ട് കൈമാറിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് നേരത്തെ നടത്തിയ വേഗത സംബന്ധിച്ച കണ്ടെത്തലുകൾക്ക് കൂടുതൽ ശാസ്ത്രീയമായ സ്ഥിരീകരണം നൽകുന്നതാണ് പുതിയ റിപ്പോർട്ട്.
അപകടത്തിന് തൊട്ടുമുൻപ് മാത്രമാണ് ഡ്രൈവർ ബ്രേക്ക് പെഡലിൽ അമർത്തിയതെന്നും ക്രാഷ് ഡേറ്റാ വിശകലനത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൂട്ടിയിടിക്ക് ഏകദേശം ഒരു സെക്കൻഡ് മുമ്പാണ് ബ്രേക്ക് പ്രയോഗിച്ചതെന്നാണ് റിപ്പോർട്ടിലുള്ളത്.
അന്വേഷണസംഘത്തിന്റെ നേരത്തെയുള്ള കണ്ടെത്തൽ പ്രകാരം 500 മീറ്റർ ദൂരം വെറും 11 സെക്കൻഡുകൊണ്ടാണ് കാർ പിന്നിട്ടത്. വാഹനക്കമ്പനിയുടെ പരിശോധനാഫലം ഈ കണ്ടെത്തലുകളെ കൂടുതൽ ബലപ്പെടുത്തുന്നതാണെന്ന് പൊലീസ് വ്യക്തമാക്കി.
ഒക്ടോബർ 11ന് നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ സുവർണ്ണോദ്യാനത്തിന് സമീപമായിരുന്നു നാടിനെ നടുക്കിയ അപകടം. ആഡംബര കാർ സ്കൂട്ടറിലിടിച്ച് കൂർഗ് കൊടഗു സ്വദേശി ഇയാസ്, വയനാട് സ്വദേശിനി ദേവിക, പാലക്കാട് മണ്ണാർക്കാട് സ്വദേശിനി ഗോപിക എന്നിവർ മരിക്കുകയായിരുന്നു.
ആലപ്പുഴ സ്വദേശി സുഹൈൽ സജീവ് (19) ആണ് അപകടസമയത്ത് കാർ ഓടിച്ചിരുന്നത്. ഇയാൾ മദ്യപിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.










